യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് പിടിയില്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്തെ സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ചൊവ്വാഴ്ച വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസിലാണ് മര്‍ദനം നടന്നത്. സംഭവത്തെ തുടര്‍ന്ന് ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നതിനിടെ വക്കീല്‍ സംഘത്തിന്റെ ഭാഗത്ത് നിന്ന് തടസ്സം നേരിട്ടതായും ശ്യാമിലി ആരോപിച്ചു. വക്കീല്‍ ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള ശ്രമം വക്കീല്‍ സംഘടനയുടെ സെക്രട്ടറി തടഞ്ഞതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സാരമായി മര്‍ദ്ദനമേറ്റ അഭിഭാഷക മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കേരള ബാര്‍ കൗണ്‍സിൽ ബെയ്‌ലിന്‍ ദാസിനെ പ്രാക്ടീസിൽ നിന്ന് താത്കാലികമായി വിലക്കിയതായി അറിയിച്ചു.കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും.